ചരിത്രം

അരശർകടവ് കുടുംബ ചരിത്രം

ചരിത്രം ഭൂതകാലത്തെ കുറിച്ചു പുതിയ തലമുറയ്ക്ക് അറിയാൻ വേണ്ടിയുള്ളതാണ്. 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതലാണ് അരശർകടവ് കുടുംബാംഗങ്ങളെ സംബന്ധിച്ചു രേഖാമൂലമുള്ളതും, വാമൊഴിയായി ലഭിച്ചിട്ടുള്ളതും, പുരാതന പള്ളി രേഖകളിലും പ്രമാണങ്ങൾ (ആധാരങ്ങൾ) എന്നിവയിൽനിന്നുമാണ് അറിവ് ലഭിച്ചിട്ടുള്ളത്.

1750 കാലഘട്ടത്തിൽ ജോൺ എന്നൊരു കർഷക ശ്രേഷ്ടൻ തന്റെ സഹോദരനുമായി കോട്ടയം കുറവിലങ്ങാട് എന്ന സ്ഥലത്തുനിന്നും മാരാരികുളത്തെത്തി കുറച്ചുകാലം താമസിക്കുകയും അവിടെനിന്നു കുടുംബാംഗങ്ങളുമായി ഒരാൾ ആലപ്പുഴ പുന്നപ്രയിലേക്ക് വന്നു സ്ഥിരതാമസമാക്കി. ഏതാണ്ട് 1200 ഓളം ഏക്കർ സ്ഥലം പനച്ചുവട് മുതൽ വാടക്കൽ സ്കൂട്ടർ ഫാക്ടറി വരെ, കുതിരപ്പന്തി റോഡിന് അടിഞ്ഞാറ് അറബിക്കടൽ വരെ വാങ്ങിക്കൂട്ടിയതായും പഴമക്കാർ രേഖപ്പെടുത്തുന്നു. ജോണിന്റെ സഹോദരൻ കുറവിലങ്ങാടിലേക്കു തിരിച്ചുപോയതായി കരുതുന്നു, കാരണം അദ്ദേഹത്തിന്റെ പിൻതലമുറയെപ്പറ്റി വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

പുന്നപ്രയിലെത്തിയ ജോണിന്റെ മൂത്ത മകനാണ് തോമസ് അരശർകടവിൽ (തൊമ്മൻകുഞ്ഞ്) — "വേലിയകത്ത്" കാർ അവരുടെ ചരിത്രമാണ് ഇതിൽ ഉള്ളത്. തോമസിന് രണ്ട് സഹോദരൻമാർ കൂടി ഉണ്ടായിരുന്നു, കുഞ്ഞുപേതർറും (പൊളേപ്പുറം) കുഞ്ഞുവാസ്തിയനും (പീടികയിൽ).

തോമസിന്റെ പിൻതലമുറക്കാരാണ് അരശർകടവിൽ വേലിയകത്ത് ഫാമിലിൽ ഉള്ളവർ. അരശർകടവിലെ മൂത്ത ആൺകുട്ടികളുടെ പേരുകൾ ജോൺ, തോമസ്, ജോൺ, തോമസ് എന്ന ക്രമത്തിൽ പിന്തുടരും. അത് ഇപ്പോഴും തുടരുന്നു. അരശർകടവ് കുടുംബത്തിന്റെ അടിസ്ഥാന ശില രൂപപ്പെടുന്നതും, പുരോഗതി പ്രാപിക്കുന്നതും ദൃഢമായ ഈശ്വരവിശ്വാസത്തിലും, കുടുംബാംഗങ്ങൾ തമ്മിലുണ്ടായിരുന്ന സഹോദരസ്നേഹത്തിലും, സമൂഹത്തോടുള്ള അകമഴിഞ്ഞ പ്രതിബദ്ധതയിലും ആയിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

മുൻതലമുറക്കാർ ക്രിസ്തീയ സഭയോട് മാത്രമല്ല, ഇതര മതങ്ങളിലെ ആളുകളുമായി തികഞ്ഞ സൗഹാർദ്ദത്തിലും സ്നേഹത്തിലും കഴിഞ്ഞിരുന്നതിനാൽ അവർ പൂർവ്വാർജ്ജിതമായും സ്വയാർജ്ജിതമായും വാങ്ങിക്കൂട്ടിയ ഏക്കർ കണക്കിന് കൃഷിഭൂമിയും വയലുകളും ആദ്യകാലത്ത് മറ്റു സമുദായത്തിൽപ്പെട്ടവരുടേതായിരുന്നു. കത്തോലിക്കാ വിശ്വാസികൾ തുലോം കുറവായിരുന്ന അക്കാലത്ത് ജോണും പിൻതലമുറയും പോർച്ചുഗീസുകാർ പണിത വട്ടയാൽ പള്ളിയിൽ ചേരുകയും, ആലപ്പുഴ പഴവങ്ങാടി പള്ളിയുമായും അർത്തുങ്കൽ പള്ളിയുമായും സഹകരിച്ചുപോന്നു. എങ്കിലും തന്നെയും കുടുംബാംഗങ്ങൾ ഈശ്വരമാർഗ്ഗത്തിനായി പോർച്ചുഗീസുകാർ പണിത വട്ടയാൽ പള്ളിയെ കൂടുതൽ ആശ്രയിക്കുകയും, വിവാഹം, മരണം, മറ്റു കൂദാശ ആവശ്യങ്ങൾക്കായും വട്ടയാൽ പള്ളിയെയാണ് ആശ്രയിക്കുക ചെയ്തിരുന്നത്. ഇവർ കാർഷിക വൃത്തിക്ക് പുറമെ ആയോധന കലകളിലും, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും പോർച്ചുഗീസ് മിഷണറികളുമായും സഹകരിച്ചും ജീവിച്ചുപോന്നു.

1953-ന് മുൻപ് മരണപ്പെട്ട കുടുംബാംഗങ്ങളെ വട്ടയാൽ പള്ളിയിൽ ഉണ്ടായിരുന്ന കുടുംബ കല്ലറയിലാണ് സംസ്കരിച്ചു പോന്നത്. പിന്നീട് 1953 മുതലാണ് സെന്റ് ജോസഫ് പള്ളിയിലെ പണം കൊടുത്തു വാങ്ങിയ രണ്ട് സെന്റ് സ്ഥലത്ത് നാലു അറകളുള്ള കുടുംബ കല്ലറ പണിത് പൂർവികരെ സംസ്കരിച്ചു തുടങ്ങിയത്. അതിനുമുമ്പ് വട്ടയാൽ പള്ളിയിൽ കുടുംബ കല്ലറയിൽ ശേഷിച്ചിരുന്ന പൂർവ്വികരുടെ ഭൗതികാവശിഷ്ടങ്ങൾ പുന്നപ്ര സെന്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ സെമിത്തേരി ശുശ്രൂഷകൾക്ക് ശേഷം നിക്ഷേപിച്ചു. ഇന്ന് കാണുന്ന കുമ്മായക്കെട്ടിലും, വെട്ടുകല്ലിലും നിർമ്മിക്കപ്പെട്ട കുടുംബ കല്ലറ വേലിയകത്തു കുടുംബാംഗങ്ങൾ പണപ്പിരിവ് നടത്തി നിർമ്മിച്ചതാണ്. മേൽപ്പറഞ്ഞ രണ്ടാം തലമുറയിലെ തോമസിന്റെ മകനാണ് ജോൺ ബാസ്റ്റ്യൻ, അദ്ദേഹത്തിന് 400 ഓളം ഏക്കർ സ്ഥലം വിവിധമായി ലഭിച്ചിരുന്നു. അദ്ദേഹത്തിന് അഞ്ചു സഹോദരിമാർ മാത്രമാണ് ഉണ്ടായിരുന്നത്. അവരെ വിവാഹം ചെയ്യിച്ചിരുന്നത് 1. കൂട്ടുങ്ങൽ കാഞ്ഞൂർ, 2. പനക്കൽ പുരക്കൽ ചെല്ലാനം, 3. വലിയ തയ്യിൽ കാട്ടൂർ, 4. കോയിൽ പറമ്പിൽ അർത്തുങ്കൽ, 5. തുരുത്തേൽ ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്.

ജോൺ ബസ്റ്റിയന്റെ (ഭാര്യ കത്രീന) വംശാവലി താഴെപ്പറയുന്ന ഏഴു മക്കളാണ് ഉണ്ടായിരുന്നത്, മൂന്ന് ആണും നാല് പെണ്ണും:

  1. തോമസ് ജോൺ (തൊമ്മൻകുട്ടി) 1856–1927
  2. ലോനൻ ജോൺ (ലൂസിഞ്ഞ്) 1859–1931
  3. ഫാദർ ഗ്രിഗറി ജോൺ 15-03-1870 – 14-11-1944
  4. ത്രേസ്യാമ്മ – കുരിശിങ്കൽ, കൊച്ചി
  5. റാഫേൽ വാവച്ചൻ – കുരിശിങ്കൽ, ചേർത്തല
  6. ക്ലമന്റെ – തൈക്കൽ
  7. ബേബി (എലിസബത്ത്) – ചാരങ്കാട്ട്

1. തോമസ് ജോൺ (തൊമ്മൻകുട്ടി) – പുന്നപ്ര അരശർക്കടവിൽ

ജോണിന്റെയും, കത്രീനയുടെയും പുത്രനായി 1856-ൽ (മലയാളമാസം 1031) ജനിച്ചു. ആറര അടി ഉയരവും നല്ല ആകാരവടിവും ഉണ്ടായിരുന്നു. കത്തോലിക്കാ വിശ്വാസത്തിൽ തികഞ്ഞ ദൈവവിശ്വാസിയും, പരോപകാരിയും ആയിരുന്ന അദ്ദേഹം അടിസ്ഥാന വിദ്യാഭ്യാസം ചെയ്തത് എവിടെ എന്നതിന് രേഖകൾ ലഭിച്ചിട്ടില്ല. എങ്കിലും തന്നെയും തികഞ്ഞ അറിവും ആജ്ഞാശക്തിയും സത്യസന്ധനും, കുലീനനുമായിരുന്നതിനാൽ ചെറുപ്പകാലം മുതൽ തൊമ്മൻകുട്ടി ഏവരുടെയും പ്രിയപ്പെട്ടവൻ ആയിരുന്നു.

മൂത്ത പുത്രൻ എന്ന നിലയിൽ സഹോദരന്മാരോടും, സഹോദരിയോടും ബന്ധുമിത്രാദികളോടും അതിയായ സ്നേഹം കാണിച്ചിരുന്നു. വട്ടയാൽ പള്ളി ഇടവക വിദൂരത്തായതിനാൽ അദ്ദേഹം പുന്നപ്ര വാടക്കലിൽ ഒരു ദേവാലയം നിർമ്മിക്കുന്നതിനായി സ്ഥലം കൊടുത്തു എങ്കിലും അത് അവിടെ നടന്നില്ല. പിന്നീട് ഇപ്പോഴുള്ള പള്ളി കോമ്പൗണ്ടിന്റെ വടക്ക് മേട നിൽക്കുന്ന ഭാഗം തൊമ്മൻകുട്ടി പള്ളി പണിയാൻ വിട്ട് നൽകിയ സ്ഥലമാണ്.

തന്റെ സഹോദരൻ ഫാദർ ഗ്രിഗറി ജോൺ അരശർകടവിലിനു പള്ളിയോട് ചേർന്ന് ഒരു പള്ളിക്കൂടം പണിയാൻ വേണ്ടി നേരത്തെ പള്ളിക്ക് കൊടുത്ത സ്ഥലത്തിന് വടക്കുവശത്തായി വീണ്ടും കുറെ സ്ഥലം വിട്ടുകൊടുത്ത്, അവിടെ തന്റെ സഹോദരൻ ഫാദർ ഗ്രിഗറി ജോൺ 1923-ൽ സെന്റ് ജോസഫ് പൂന്തോട്ടം എൽ.പി. സ്കൂൾ ആരംഭിച്ചു.

തൊമ്മൻകുട്ടിയുടെ ഭാര്യ മരിയ കുരിശിങ്കൽ അർത്തുങ്കൽ നിന്നാണ്. അതിൽ രണ്ട് മക്കൾ ഉണ്ടായിരുന്നു: 1. ജോൺ ക്രിസോസ്റ്റം 2. മറിയാമ്മ കോയിൽപ്പറമ്പിൽ. ആദ്യ ഭാര്യയുടെ മരണശേഷം തൊമ്മൻ രണ്ടാമത് മറിയാമ്മ ചാരംകാട്ട് ചേന്നവേലിയെ വിവാഹം കഴിച്ചു, അതിലുള്ള മക്കളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു:

  1. സിക്സ്റ്റസ്
  2. ക്ലമന്റ്
  3. ലൂയീസ്
  4. ഡോ. ക്ലാര
  5. സ്ലോസ്റ്റിക്ക
  6. സി. കരോളിൻ

Dr. ക്ലാരയും സ്ലോസ്റ്റിക്കയും മദ്രാസ് സ്റ്റെല്ല മാരീസ് കോളേജിൽ പഠനം പൂർത്തിയാക്കി. Sr. കാരലിൻ കോട്ടയം കോൺവെന്റിൽ പഠനം പൂർത്തിയാക്കി ഭാരതത്തിലെ വിവിധ സ്കൂളുകളിൽ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചു. ഇവരുടെ സഹോദരി ക്ലാര പിന്നീട് മെഡിക്കൽ പഠനം പൂർത്തിയാക്കി ഗൈനക്കോളജിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചു.

മേൽപ്പറഞ്ഞ 8 മക്കളുടെ ക്ഷേമത്തിനായി തന്റെ മുഴുവൻ സ്വത്തുക്കളും വിൽപത്രത്തിൽ രേഖപ്പെടുത്തി അദ്ദേഹം ഭാഗിച്ചു നൽകി.

തൊമ്മൻകുട്ടി സ്വന്തം നിലയിൽ പണിത രമ്യഹർമ്യം ഏതൊരു വസ്തുകലയെയും തുലനം ചെയ്യുന്ന, പുരാതന പാവനമായ ഭവനമായി നിലകൊള്ളുന്നു. ഈ ഭവനത്തിന്റെ നിർമ്മാണ സാമഗ്രികൾ വിവിധ ദേശങ്ങളിൽ നിന്നും കെട്ടുവള്ളങ്ങളിൽ കൊണ്ടുവന്നു തലച്ചുമടായിട്ടാണ് എത്തിച്ചത്. ഭവനത്തിന്റെ ചുറ്റുവരാന്തയും, നാല് ഭാഗങ്ങളുള്ള ചവിട്ടുപടികളും, കടൽക്കാറ്റും, കിഴക്കൻ കാറ്റും മറ്റും കടന്നുപോകുവാൻ ഉതകുന്ന രീതിയിൽ 'റ' ആകൃതിയിലുള്ള തുറന്ന വാതായനങ്ങളും, ഈട്ടിയിലും, തേക്കിലും തീർത്ത വാതിലുകളും, ജനലുകളും, ഉയർന്ന മേൽക്കൂരയും മറ്റും സിനിമാ പ്രവർത്തകരെപ്പോലും ആകർഷിക്കുന്നതാണ്. ഒരു മലയാള സിനിമ ഈ ഭവനത്തിന്റെ ചുറ്റുപാടിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ഭവനത്തിന്റെ ഓടുകളിലെ ശംഖുമുദ്രയോടെ 1875 എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിൽ നിന്നും പഴക്കം വ്യക്തമാക്കുന്നു. ഈ ഭവനത്തിനു 160 വർഷത്തിലേറെ പഴക്കം ഉണ്ടാകാം. ഈ ഭവനത്തിന്റെ ഫൗണ്ടേഷനു ആറടി പൊക്കം ഉണ്ട്.

ഒരു ആനക്കഥ

"100 വർഷങ്ങൾക്കു മുൻപ്" എന്ന തലക്കെട്ടോടെ മലയാള മനോരമ പത്രത്തിൽ ഏതാനും വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ച ഒരു വാർത്ത താഴെ കുറിക്കട്ടെ:-

തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരത്തിലെ ആനയെ അറവുകാട് ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന നീലാണ്ടൻ എന്ന ആന ഭയപ്പെട്ട് കടലിലേക്ക് ഓടിയിറങ്ങി ചെളിയിൽ അകപ്പെട്ടു. പാപ്പാന്മാരും ക്ഷേത്ര അധികൃതരും എല്ലാ പരിശ്രമങ്ങളും നടത്തി ആനയെ കരയ്ക്ക് കയറ്റാൻ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് മനസ്സില്ലാമനസ്സോടെ തിരിച്ചുപോയി. നാട്ടുകാർ ഈ വിവരം തൊമ്മൻകുട്ടിയെ അറിയിക്കുകയും അദ്ദേഹം സംഭവസ്ഥലത്തെത്തി തെങ്ങിൻതടിയും, വടങ്ങളും, തെങ്ങോലകളും ചേർത്ത് നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം പ്രയത്നിച്ചു ആനയെ കരയ്ക്ക് കയറ്റി തന്റെ ഭവനത്തിൽ കൊണ്ടു തളയ്ക്കുകയും ചെയ്തു. അധികൃതർ വരികയും തൊമ്മൻകുട്ടിയുമായി സംസാരിച്ചു നന്ദി പറഞ്ഞ് ആനയെ കൊണ്ടുപോകുകയും ചെയ്തു. തിരുവിതാംകൂർ രാജാവിൽനിന്നും 'അരുമസ്ഥാനം', "പട്ടും വളയും" എന്ന പദവി ലഭിച്ചിരുന്ന അദ്ദേഹത്തിന് നാട്ടിൽ ചെറിയ ശിക്ഷാരീതികൾക്കുള്ള അധികാരം നൽകിയിരുന്നു. ഇത്തരത്തിൽ ശിക്ഷ ലഭിച്ച ഒരു വ്യക്തി അദ്ദേഹത്തെ ആക്രമിക്കാനായി തൊമ്മൻകുട്ടി സ്ഥിരമായി വരാറുള്ള വട്ടയാൽ പള്ളി വാതിലിന് പിൻവശം ഒളിച്ചിരിക്കുകയും, അദ്ദേഹം കയറി വന്നപ്പോൾ കത്തിയുമായി ചാടിയിറങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ആകാരസൗഷ്ഠവത്തിലും തീഷ്ണനോട്ടത്തിനു മുമ്പിലും ഭയപ്പെട്ട് സാഷ്ടാംഗം പ്രണമിച്ചു മാപ്പ് അപേക്ഷിക്കുകയും ചെയ്യുകയുണ്ടായി.

അക്കാലത്ത് "തീവെട്ടിക്കൊള്ളക്കാർ" എന്ന ഒരു തസ്‌ക്കരസംഘം നിലവിൽ ഉണ്ടായിരുന്നു. ഇവർ നാട്ടിലെ ധനികരുടെയും, പ്രമാണിമാരുടെയും പക്കൽ നിന്നും സ്വർണ്ണവും പണവും ബലമായി കവരുന്ന രീതി ഉണ്ടായിരുന്നു. ചില ധനിക ഭവനങ്ങളിലേക്ക് ഭീഷണിക്കത്ത് നൽകി നിശ്ചിത ദിവസത്തിനകം സ്വർണ്ണമോ പണമോ ലഭിച്ചില്ലായെങ്കിൽ വീട് കൊള്ളയടിക്കുന്നത് ആയിരുന്നു ഇവരുടെ രീതി. ഇപ്രകാരം തീവെട്ടിക്കൊള്ളക്കാരുടെ കത്ത് വാടക്കലുള്ള ഒരു വിജാതീയ കുടുംബത്തിന് ലഭിച്ചു, അദ്ദേഹം തൊമ്മൻകുട്ടിയുടെ സഹായം തേടി വീട്ടിൽ വന്നു. തൊമ്മൻകുട്ടി ഈ കള്ളസംഘത്തെ ആൾക്കാരെ കൂട്ടി വളഞ്ഞു പിടിക്കുകയും അധികാരികൾക്ക് ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു.

തന്റെ വിൽപത്രത്തിൽ പറവൂർ ചന്ത മുതൽ പടിഞ്ഞാറ് കടപ്പുറം വരെയുള്ള സ്ഥലം 44 അടിയായി ഇടുകയും, ഇടയ്ക്ക് സ്ഥലം മറ്റുള്ളവരിൽ നിന്ന് വിലയ്ക്ക് വാങ്ങി നേരെയുള്ള ഒരു പൊതുവഴിയായി ഇടുകയും ചെയ്തു. ഈ വഴിയിലെ ചില സ്ഥലങ്ങൾ പൊങ്ങുവാൻ വേണ്ടി വേമ്പനാട്ട് കായലിൽ നിന്ന് ചിറ ഉണ്ടാക്കി വെള്ളം പടിഞ്ഞാറേയ്ക്ക് ഒഴുകിയിരുന്നു. കാലഘട്ടത്തിൽ നാടിന്റെ നന്മ ദീർഘദർശനത്തോടെ ചെയ്തിരുന്ന ഈ ദിവ്യാത്മാവ് 09-11-1927-ൽ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. വട്ടയാൽ പള്ളി സെമിത്തേരിയിൽ അടക്കിയിരുന്ന അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന്റെ അവശിഷ്ടങ്ങൾ 1957-ൽ സെന്റ് ജോസഫ് പള്ളിയിൽ പണിത കുടുംബക്കല്ലറയിൽ കൊണ്ടുവന്ന് സ്ഥാപിച്ചു.


2. ലോനൻ ജോസഫ് (ലൂസിഞ്ഞ്)

തൊമ്മൻകുട്ടിയുടെ രണ്ടാമത്തെ സഹോദരനാണ് ലോനൻ. ഇദ്ദേഹം 1859-ൽ ആണ് ജനിച്ചത്. ലോനന്റെ ഭാര്യയുടെ പേര് വിരോണിക്ക (അമ്മുക്കുഞ്ഞ്) ചാരങ്കാട്ട് ചേന്നവേലി എന്നാണ്. മൂന്ന് ആൺമക്കൾ ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മക്കളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു:

  1. ജോസഫ് (ജൂസീഞ്ഞ്)
  2. പീറ്റർ (പെതിരിഞ്ഞ്)
  3. പോൾ (പൗളിഞ്ഞ്)

ഫാദർ ഗ്രിഗറി ജോൺ അരശർകടവിൽ (അച്ചൻപാരിച്ചൻ)

തൊമ്മൻകുട്ടിയുടെയും ലോനന്റെയും ഇളയ സഹോദരനായി 15-03-1870-ൽ ജനനം. ചെറുപ്പകാലം മുതലേ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഭൗതിക കാര്യങ്ങളിൽ താൽപ്പര്യം കാണിക്കാതെ ദൈവീക കാര്യങ്ങളിൽ വ്യാപൃതനായുള്ള ജീവിതമുറ സ്വീകരിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗോവ സെമിനാരിയിൽ നിന്നും വൈദിക പഠനം വിജയകരമായി പൂർത്തിയാക്കി.

ആലപ്പുഴ രൂപത നിലവിൽ ഇല്ലാതിരുന്ന അക്കാലത്ത്, അദ്ദേഹം കൊല്ലം ജില്ലയിലെ കാഞ്ഞിരംകോട്, ഇരവിപുരം എന്നിവിടങ്ങളിൽ വികാരി ആയി ഇരുന്നിട്ടുണ്ട്. 1905 മാർച്ച് 15-ന് വൈദിക പട്ടം സ്വീകരിച്ചു.

1922, 1923 എന്നീ വർഷങ്ങളിൽ യഥാക്രമം പുന്നപ്ര പൂന്തോട്ടം സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ എന്നിവ നിർമ്മിച്ച് നൽകി. ഇരു സ്കൂളുകളും ഇപ്പോൾ ശതാബ്ദിയുടെ നിറവിലാണ്. മേൽപ്പറഞ്ഞ ഇരു സ്കൂളുകളും അരശർകടവ് കുടുംബം വക ഭൂമിയിലാണ് നിർമ്മിച്ചിട്ടുള്ളത്. പുന്നപ്ര നിവാസികൾക്ക് ആദ്യമായി അക്ഷരജ്ഞാനം നൽകിയ ഫാദർ ഗ്രിഗറി ജോൺ അരശർകടവിലാണ് പുന്നപ്രയുടെ ഗുരുനാഥൻ എന്ന് നിസ്സംശയം പറയാം.

ആദ്യകാലങ്ങളിൽ ഇരു സ്കൂളിലെയും അദ്ധ്യാപകർക്ക് ശമ്പളം നൽകുവാൻ കുടുംബം കെട്ടുതെങ്ങും, സാമ്പത്തിക സഹായവും നൽകി. സ്കൂളിന്റെ ആദ്യ മാനേജർ ആയി തന്റെ സഹോദരൻ തൊമ്മൻകുട്ടിയുടെ മൂത്ത പുത്രൻ ജോൺ ക്രിസോസ്തോമിനെയാണ് നിയമിച്ചിരുന്നത്. ചിലവുകൾ അധികരിച്ചപ്പോൾ ഫാദർ ഇരു സ്കൂളുകളും കൊച്ചി രൂപതയെ ഏൽപ്പിച്ചു. പിന്നീട് ആലപ്പുഴ രൂപത രൂപീകരിച്ച ശേഷം ഇരു സ്കൂളുകളും ഏറ്റെടുത്തു. ശതാബ്ദി വർഷം ആഘോഷിക്കുന്ന ഇരു സ്കൂളുകളും സ്ഥാപകനെ അനുസ്മരിച്ച് ചടങ്ങുകൾ നടത്തി. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ ഈ സ്കൂളുകളിൽ പഠിക്കുന്നു. സ്ഥാപകന്റെ ചിത്രം ഇരു സ്കൂളുകളിലും ആദരവോടെ സ്ഥാപിച്ചിരിക്കുന്നു.

1941-ൽ വൈദിക വൃത്തിയിൽ നിന്നും വിരമിച്ച ഫാദർ ശിഷ്ടകാലം സഹോദരൻ ലോനന്റെ മൂത്ത പുത്രൻ ജോസഫിന്റെ കുടുംബ വീടായ ഭവനത്തിൽ താമസിച്ചു. 14-11-1944 തിയ്യതി തീരദേശ ഗ്രാമത്തിന് അറിവിന്റെ തിരിനാളം തെളിച്ചു നൽകിയ ആ ദിവ്യതേജസ്സ് പരലോകം പ്രാപിച്ചു. ഭൗതികശരീരം ഇടവകയായ സെന്റ് ജോസഫ് പള്ളിയിലെ അൾത്താരയുടെ മുൻവശം വലതുഭാഗത്ത് കൊല്ലം മെത്രാൻ ജെറോം ഫെർണാണ്ടസിന്റെ കാർമികത്വത്തിൽ കബറടക്കി.